ജൂലൈ 8 തിങ്കളാഴ്ചയാണ് 2024 എംടി1 എന്ന ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്.
ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തി. ഛിന്നഗ്രഹം ഭൂമിക്കുനേരെയാണ് വരുന്നത് എന്ന ആശങ്കയുമുണ്ട്. 260 അടി വ്യാസമുള്ള ആ ഛിന്നഗ്രഹം (asteroid) ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് ഗവേഷകർ കണക്കാക്കുന്നത്.
ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയോളം ദൂരമാണ് ഇത്. കേൾക്കുമ്പോൾ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്ര തോതുകൾ വെച്ചുനോക്കിയാൽ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.
ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം ശാസ്ത്രജ്ഞർ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. കാലിഫോർണിയയിലെ പസദീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് (ജെ.പി.എൽ) ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്. ജെ.പി.എല്ലിന്റെ ഡാഷ്ബോർഡിൽ ഛിന്നഗ്രഹത്തിന്റെ സ്ഥാനം, വേഗത, ഭൂമിയിൽനിന്നുള്ള ദൂരം എന്നീവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നുണ്ട്.
ഒബ്സർവേഷൻ പ്രോഗ്രാമാണ് 2024 എം.ടി.1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളേയും ധൂമകേതുക്കളേയും കണ്ടെത്താനും പഠിക്കാനുമുള്ള നാസയുടെ പദ്ധതിയാണ് നിയർ എർത്ത് ഒബ്‌ജക്റ്റ് ഒബ്‌സർവേഷൻ പ്രോഗ്രാം. ഭൂമിയിൽ സ്ഥാപിച്ച ടെലസ്കോപ്പുകളും റഡാർ സംവിധാനങ്ങളും ഉപയോഗിച്ചാണ് നാസ ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളേയും കണ്ടെത്തുന്നത്.
പല വലുപ്പത്തിലുള്ള 30,000-ഓളം ഛിന്നഗ്രഹങ്ങളെയാണ് 'ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശവസ്‌തുക്കൾ' (Near Earth Objects - NEOs) എന്ന് കണക്കാക്കിയിട്ടുള്ളത്. ഇവയിൽ 850-ൽ ഏറെ ഛിന്നഗ്രഹങ്ങൾ ഒരു കിലോമീറ്ററിലേറെ വീതിയുള്ളവയാണ്. എന്നിരുന്നാലും അടുത്ത നൂറുവർഷത്തേക്ക് ഇവയിൽ ഒന്നുപോലും ഭൂമിയ്ക്ക് ഭീഷണിയല്ല.
Huge asteroid near Earth. The speed is 65,215 kmph. NASA has issued a warning